LCHF Keto Diet Side effects: Truth behind the death of Bengali actress
മിസ്തി മുഖർജി എന്ന ബംഗാളി നടിയുടെ മരണത്തിന് പിന്നിലെ സത്യം എന്താണ്
കീറ്റോ ഡയറ്റ് ചെയ്തു ഇതുവരെ ആരും വൃക്ക തകരാറിലായി മരണപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന ഒരു ഡയറ്റാണ് കീറ്റോ ഡയറ്റ്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് അറിയേണ്ടത് എല്ലാവരുടെയും കടമയാണ്. കീറ്റോ ഡയറ്റ് എന്നുപറയുന്നത് ഉയർന്ന അളവിലുള്ള കൊഴുപ്പും മിതമായ അളവിൽ മാംസ്യവും കുറഞ്ഞ അളവിലുള്ള അന്നജവും ചേർന്നുള്ള ഒരു ഭക്ഷണ രീതി ആണ് . എന്നാൽ മാധ്യമങ്ങളിലെല്ലാം ഈ നടിയുടെ മരണവുമായി ബന്ധപ്പെട്ട് പറഞ്ഞതനുസരിച്ചു ഇവർ അമിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. അതൊരിക്കലും കീറ്റോ ഡയറ്റ് ആകുന്നില്ല. കീറ്റോ ഡയറ്റിൽ 20% ശരീരഭാരത്തിന് അനുസൃതമായ പ്രോട്ടീൻ മാത്രമാണ് നിർദ്ദേശിക്കപ്പെടുന്നത്. എന്നാൽ ശരീര ഭാരം യഥേഷ്ടം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനുവേണ്ടി സ്റ്റിറോയ്ഡ് പോലെയുള്ള ഡ്രഗ്സ്സ് ഉപയോഗിക്കുമ്പോൾ വൃക്ക തകരാറിലാകാൻ സാധ്യതയുണ്ട്. ഇത്ര ചെറുപ്പത്തിൽതന്നെ ഇവർക്ക് വൃക്ക തകരാറിലായെങ്കിൽ അതിനു മറ്റു പല കാരണങ്ങളും ഉണ്ടാകാം. നമുക്ക് അറിയാവുന്നതുപോലെ നാല്പതും അമ്പതും അറുപതും വയസ്സുള്ളവർ കീറ്റോ ഡയറ്റ് വളരെ ആരോഗ്യകരമായ രീതിയിൽ ചെയ്യുന്നുണ്ട്. അത്രയും പ്രായമായ ആളുകൾ ഈ ഡയറ്റ് ചെയ്തിട്ടും യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കെ ഈ നടിക്ക് ഇങ്ങനെ സംഭവിച്ചു എങ്കിൽ അതിനു പിന്നിൽ എന്തെങ്കിലും മറ്റു കാരണങ്ങൾ ഉണ്ടായിരിക്കാം. നമ്മുടെ ശരീരത്തിലേക്ക് അമിതമായ വിഷാംശങ്ങൾ പ്രവേശിക്കുക യാണെങ്കിൽ വൃക്കയ്ക്കും കരളിനും ആണ് അമിതമായ ജോലി ഉണ്ടാകുന്നത്. കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ചെയ്യാതെ ഇവർ ഡയറ്റ് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്.
Studies prove that ketogenic diet will help to reverse kidney diseases
എന്തെങ്കിലും ഒരു കാരണത്തെ മറയ്ക്കാൻ ആകാം ഈ മരണം കീറ്റോ ഡയറ്റ് മൂലമാണെന്ന് അവരുടെ ബന്ധുക്കൾ ആരോപിച്ചത്. ഈ ഡയറ്റിനെ മാത്രം വിശ്വസിച്ചു കൊണ്ട് ഒരുപാട് ജനങ്ങൾ ഇത് പിന്തുടരുന്നുണ്ട്. ഇത്തരത്തിലുള്ള അനാവശ്യമായ വിവാദങ്ങളിലൂടെ ആരും ജനങ്ങളെ നിരാശപ്പെടുത്തരുത് എന്നാണ് ഞങ്ങളുടെ പക്ഷം. അംബാനിയുടെ മകൻ അനന്ദ് അംബാനി എന്ന ഒരു യുവാവ് തൻറെ അമിത ഭാരം കുറച്ചത് കീറ്റോ ഡയറ്റ് പിന്തുടർന്നു കൊണ്ടാണ്. ഡോക്ടർമാർ എല്ലാവരും സർജറിക്കു നിർദ്ദേശിച്ചു എങ്കിലും അനന്ദ് സർജറി ചെയ്യാതെ കീറ്റോ ഡയറ്റ് പിന്തുടരുകയാണ് ചെയ്തത്. ഡയറ്റിനോടൊപ്പം ധാരാളം വ്യായാമങ്ങളും പിന്തുടർന്നുകൊണ്ട് ശരീരത്തെ അമിത ഭാരത്തിൽ നിന്നും മനോഹരമായ രൂപഭംഗി യിലേക്ക് അയാൾ കൊണ്ടുവന്നു. പല മാധ്യമങ്ങളും ഇത് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തുമാണ്. അങ്ങനെയെങ്കിൽ മരണമടഞ്ഞ സ്ത്രീക്ക് കീറ്റോ ഡയറ്റിനു മുൻപ് തന്നെ കാര്യമായ വൃക്കത്തകരാറുകൾ എന്തെങ്കിലും ഉണ്ടായിരുന്നിരിക്കണം. തുടർച്ചയായ മരുന്നുകളുടെ ഉപയോഗം തന്നെ വൃക്ക തകരാറിലാകാൻ കാരണമാകുന്നുണ്ട്. ഏതൊരു സിനിമാ താരത്തിനും സ്വന്തമായി ഒരു ഡയറ്റീഷ്യൻ ഉണ്ടായിരിക്കും. അത്തരത്തിൽ ഒരു ഡയറ്റീഷ്യനെകുറിച്ച് ഈ വാർത്ത മാധ്യമങ്ങളിൽ ഒന്നും തന്നെ പറഞ്ഞിട്ടുമില്ല. കീറ്റോ ഡയറ്റ് ചെയ്തത് കൊണ്ടല്ല ഇവർക്ക് വൃക്ക തകരാറിലായത് എന്നത് 100% സത്യമാണ്. കാരണം ഞങ്ങളുടെ ഇത്രയും വർഷത്തെ വ്യക്തിപരമായുള്ള പരിചയത്തിലും അനുഭവത്തിലും നിന്നാണ് ഞങ്ങൾ ഇത് പറയുന്നത്. കീറ്റോ ഡയറ്റിൽ അഞ്ച് ശതമാനം മാത്രമാണ് അന്നജം കഴിക്കുന്നത്. അതുകൊണ്ടുതന്നെ ധാരാളം ആളുകൾ തെറ്റിദ്ധരിച്ചു വച്ചിട്ടുള്ളത് അമിതമായ മത്സ്യ-മാംസാഹാരങ്ങൾ കഴിക്കുന്ന ഒരു ഡയറ്റ് ആണ് ഇത് എന്നാണ്. എന്നാൽ കൃത്യമായി തന്നെ ഓരോ ഭക്ഷണങ്ങൾക്കും പ്രത്യേകം അളവുകളും കണക്കുകളും ഉണ്ട് എന്ന് പലരും മറന്നുപോകുന്നു.
ഇലക്കറികൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് ഇതിൽ നിർദ്ദേശിക്കപ്പെടുന്നു. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നില്ലെങ്കിൽ മലബന്ധം വരാനുള്ള സാധ്യതകൾ വളരെയേറെയാണ്. ഇലക്കറികൾ ധാരാളം കഴിക്കുമ്പോൾ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുമെന്നാണ് പലരും തെറ്റിദ്ധരിച്ചിട്ടുള്ളത്. എന്നാൽ അതിന്റെയെല്ലാം നെറ്റ് കാർബ് നോക്കുമ്പോൾ നമ്മൾ പറഞ്ഞ അളവിലുള്ള 5 ശതമാനത്തിലേക്ക് കാർബോഹൈഡ്രേറ്റിനെ കൊണ്ടുവരാൻ സാധിക്കുന്നതാണ്. കീറ്റോ ഡയറ്റ് വളരെ സുരക്ഷിതമാണ്, ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാവുന്ന ഒന്നാണ് എന്ന അഭിപ്രായം തീർത്തും തെറ്റാണ്. ഡയറിനെകുറിച്ച് നന്നായി പഠിക്കുകയും അതിൻറെ ഗുണങ്ങൾ എന്തൊക്കെയാണ് ദോഷവശങ്ങൾ എന്തൊക്കെയാണ് എന്ന് നന്നായി മനസ്സിലാക്കിയിരിക്കേണ്ടതാണ്. കാർബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും കൊഴുപ്പിന്റെ അളവ് കൂട്ടുകയും ചെയ്തു കൊണ്ട് ഡയറ്റ് എടുക്കുമ്പോൾ നമ്മുടെ ശരീരം കീറ്റോസിസ് എന്ന പ്രക്രിയയിലേക്ക് മാറുന്നു. ആദ്യത്തെ മൂന്ന് നാല് ദിവസങ്ങളിൽ ഇതോടനുബന്ധിച്ചുള്ള ശാരീരിക അസ്വസ്ഥതകൾ സ്വാഭാവികമാണ്. അങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ ചിലർ ചീറ്റ് മീലുകൾ എടുക്കാറുണ്ട്.
എന്തെങ്കിലും മധുര പദാർത്ഥങ്ങളോ അന്നജം കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളോ അവർ കഴിക്കുകയും കീറ്റോസിസ് എന്ന പ്രക്രിയയിൽ നിന്ന് പൂർണ്ണമായും പുറത്തുവരുകയും ചെയ്യുന്നു. അത് അറിയാതെ അവർ തുടർന്നു വീണ്ടും ഉയർന്ന കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെയധികമാണ്. കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തിൽ നിന്ന് ഫാറ്റ് മെറ്റബോളിസത്തിലേക്ക് വരാൻ കുറച്ചു കാലത്തെ അധ്വാനവും ഭക്ഷണനിയന്ത്രണവും അനിവാര്യമാണ്. എന്നാൽ കീറ്റോസിസ് എന്ന പ്രക്രിയയിൽ നിന്ന് ശരീരം പുറത്തു പോകാൻ വളരെ എളുപ്പമാണ്. പലരും ഇത്തരം കാര്യങ്ങൾ അറിയാതെയാണ് ഈ ഡയറ്റ് ചെയ്യുന്നത്. എല്ലാ ഭക്ഷണരീതികളും എല്ലാവർക്കും ഒരുപോലെ അല്ല എന്നും എല്ലാവരുടെയും ശാരീരിക നിലയും ആരോഗ്യസ്ഥിതിയും തുല്യമല്ല എന്നും ഡയറ്റ് ചെയ്യുന്നവർ മനസ്സിലാക്കണം. ചെറുപ്പക്കാർ ഡയറ്റിനിടയിൽ ചീറ്റ് മീൽ എടുത്താലും കീറ്റോസിസിലേക്ക് തിരിച്ചു വരുക ഒരുപക്ഷേ എളുപ്പമായിരിക്കും. എന്നാൽ പ്രായമായവർക്ക് അങ്ങനെ ആയിരിക്കുകയില്ല. അതുകൊണ്ടുതന്നെ കീറ്റോ ഡയറ്റ് പിന്തുടരുന്നവർക്ക് ഒരു എക്സ്പേർട്ട് പാനലിന്റെ സഹായം അനിവാര്യമാണ്. അതല്ലാത്ത പക്ഷം ഈ ഡയറ്റിനെ കുറിച്ച് വ്യക്തമായി കുറച്ചുനാൾ പഠിച്ചതിനു ശേഷം മാത്രം ഡയറ്റിലേക്ക് വരിക. കീറ്റോ ഡയറ്റ് എന്ന പേരിൽ പലരും തെറ്റായ ഭക്ഷണ രീതികൾ പിന്തുടരുന്നുണ്ട്. ഒരു കാരണവശാലും ഉയർന്ന അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഈ ഡയറ്റിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല എന്ന വസ്തുത എല്ലാവരും മനസ്സിലാക്കണം. അമിതമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ജീവിതശൈലി രോഗങ്ങളുടെ പിടിയിൽ അമർന്ന ജനങ്ങൾ കീറ്റോ ഡയറ്റ് പിന്തുടരുന്നത് സ്വാഭാവികം. ജീവിതശൈലി രോഗങ്ങൾ മൂലം ആളുകൾ മരിക്കുന്ന വാർത്തകൾക്ക് പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു ഡയറ്റ് എടുത്തതു മൂലം ഒരു ആൾ മരിച്ചു എന്ന വാർത്ത ഇത്രയേറെ പ്രചരിച്ചതിന് പിന്നിലെ യാഥാസ്ഥിതികത എല്ലാവരും ചിന്തിക്കണം. ഏതാനും ചില യൂട്യൂബ് വീഡിയോകൾ മാത്രം കണ്ടുകൊണ്ട് ആരംഭിക്കേണ്ടതല്ല കീറ്റോ ഡയറ്റ്. നിർഭാഗ്യമെന്നു പറയട്ടെ ഒരുപാട് യൂട്യൂബേർസ് കീറ്റോ ഡയറ്റ് എന്ന പേരിൽ തെറ്റായ പലകാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ വീഡിയോ ചെയ്യുന്നവർ ഏത് മെഡിക്കൽ കോഴ്സിന്റെ അടിസ്ഥാനത്തിലാണ് അല്ലെങ്കിൽ ഏത് വിദ്യാഭ്യാസത്തിൻറെ അടിസ്ഥാനത്തിലാണ് ഇതുപോലെയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന് നിങ്ങൾ നോക്കണം.
ഒരു മെഡിക്കൽ പ്രൊഫഷണലിസ്റ്റിന്റെ സഹായത്തോടെ അല്ലാതെ നിങ്ങൾ ഇത്തരം കാര്യങ്ങൾക്ക് ചാടി പുറപ്പെടരുത്. ചോറും ചപ്പാത്തിയും പോലും ഒഴിവാക്കാൻ സാധിക്കാത്ത നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം കീറ്റോ ഡയറ്റ് വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരിക്കും. എന്നാൽ നമ്മുടെ പൂർവ്വീകർ ഇത്തരത്തിലുള്ള ഭക്ഷണ രീതിയാണ് പിന്തുടർന്നിരുന്നത് എന്ന് നമ്മൾ ഓർക്കണം. വേട്ടയാടി പിടിക്കുന്ന നായാട്ടിറച്ചി ആയിരുന്നു അവർ ഭക്ഷിച്ചിരുന്നത്. എന്നാൽ നമ്മുടെ പൂർവികരിൽ ആരുംതന്നെ വൃക്ക തകരാറിലായി മരിച്ചിട്ടില്ല. അരിയും ഗോതമ്പും കൃഷി ചെയ്തു ഭക്ഷണം ഉണ്ടാക്കി കഴിച്ചിരുന്ന ഒരു കാലഘട്ടം അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അവരാകട്ടെ പൂർണ ആരോഗ്യവാൻമാരും ആയിരുന്നു. പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിച്ചവരുടെ വൃക്ക തകരാറിലാകുമെന്ന് പറയുന്നതും പൂർണ്ണമായും ശരിയല്ല. ബോഡി ബിൽഡിങ്ങിന് വേണ്ടി ജിംനേഷ്യത്തിലേക്ക് പോകുന്നവർ മസ്കുലർ ബോഡി രൂപപ്പെടുത്തിയെടുക്കാൻ വേണ്ടി പ്രോട്ടീൻ പൗഡർ പോലെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട്. ഇപ്പോൾ പുറത്തു വന്ന ഈ വാർത്ത സത്യമാണെങ്കിൽ ജിംനേഷ്യത്തിൽ പോകുന്ന അനേകം യുവാക്കമാർ വൃക്ക തകരാറിലായി മരിക്കേണ്ട സമയം കഴിഞ്ഞു. എന്നാൽ അവിടെയും അവർക്ക് കൃത്യമായ കാര്യങ്ങൾ നിർദ്ദേശിച്ചു കൊടുക്കുന്ന ഒരു ട്രെയിനർ ഉണ്ടായിരിക്കും. ഒരു ന്യൂട്രീഷനിസ്റ്റ് ഉണ്ടായിരിക്കും.
നമ്മുടെ ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോണിൻറെ അളവ് കൂടുമ്പോൾ ഹൃദയസംബന്ധമായതോ തലച്ചോറ് സംബന്ധമായതോ അല്ലെങ്കിൽ മറ്റു പല രോഗങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് അമിതമായ അന്നജങ്ങൾ അടങ്ങിയ ഭക്ഷണം കുറയ്ക്കുമ്പോൾ ഇൻസുലിന്റെ അളവ് കുറയുകയും അതു മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെ ഒരു പരിധിവരെ തടയാൻ കഴിയും എന്നുമാണ് ഇപ്പോൾ പഠനങ്ങൾ തെളിയിക്കുന്നത്. നിരന്തര ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള ഇത്തരം കാര്യങ്ങളെ അവഗണിച്ചുകൊണ്ടാണ് ഇന്ന് മാധ്യമങ്ങൾ കീറ്റോ ഡയറ്റിനെ നിശിതമായി വിമർശിക്കുന്നത്. കീറ്റോ ഡയറ്റ് ചെയ്തു അമിതവണ്ണം കുറച്ചവരിൽ പ്രശസ്തരും പ്രഗത്ഭരുമായ പല ആളുകളും ഇന്ന് ഉണ്ട്. സിനിമ ഇൻഡസ്ട്രിയിൽ ഒരു നിശ്ചിത കാലഘട്ടത്തിലേക്ക് ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഒരു ഹെൽത്തി ഡയറ്റ് ആണ് ഇന്ന് കീറ്റോ ഡയറ്റ്. സിനിമാ മേഖലയിൽ നമുക്ക് അറിയാവുന്നതുപോലെ നടീനടൻമാർ ഇഷ്ടാനുസൃതം തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ശരീരം ഒരിക്കലും ഒരു യന്ത്രം അല്ല. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ദോഷം വരുന്ന രീതിയിൽ നമ്മൾ ഒരു ഡയറ്റും പിന്തുടരാൻ പാടില്ല. ഓരോ ഡയറ്റും എത്ര കാലത്തേക്ക് ചെയ്യണമെന്ന് അവരുടെ ശരീരത്തിനനുസൃതം അവരുടെ ന്യൂട്രീഷനിസ്റ്റുകൾ നിർദ്ദേശിക്കും.
എന്തായാലും കീറ്റോ ഡയറ്റ് ചെയ്തത് മൂലമല്ല ഈ നടി മരിച്ചത് എന്ന് നൂറു ശതമാനം ഉറപ്പാണ്. ഒന്നുകിൽ ഡയറ്റിന് മുൻപ് അവരുടെ വൃക്ക തകരാറിലായിരിക്കാം. അത് മാറാൻ വേണ്ടി അവർ ഡയറ്റ് പിന്തുടർന്നിരുന്നോ എന്ന് നമുക്കറിയില്ല. അവരുടെ ബന്ധുക്കളിൽ ആരെങ്കിലും കീറ്റോ ഡയറ്റ് എന്ന പേര് പറഞ്ഞത് മൂലം ഈ പ്രശ്നം മുഴുവൻ കീറ്റോ ഡയറ്റ് എന്ന പേരിൽ അറിയപ്പെടാൻ ഇടയായതായിരിക്കാം. എന്തായാലും മരിച്ചുപോയ ആ സ്ത്രീയ്ക്ക് ആത്മശാന്തി നേരുന്നു. അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.
വാർത്ത മാധ്യമങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത് ഇത്രമാത്രം. ഒരു കാര്യം പ്രസ്താവിക്കുമ്പോൾ അത് ശരിയാണോ തെറ്റാണോ എന്ന് ഉറപ്പുവരുത്തുക. കാരണം ഈ ഡയറ്റ് പിന്തുടരുന്ന ലക്ഷക്കണക്കിനാളുകൾ ഇതുമൂലം തെറ്റിദ്ധരിക്കപ്പെടാൻ ഇടയായിട്ടുണ്ട്. കീറ്റോ ഡയറ്റിനെ എതിർക്കുന്ന എല്ലാവരും ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യം നൽകിവരുന്നു. ഈ ഡയറ്റ് ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ് അവരവരുടെ കുടുംബാംഗങ്ങളിൽ നിന്നും ആണ് അവർ കൂടുതൽ എതിർപ്പ് നേരിട്ടിട്ടുള്ളത്. അതുതന്നെയാണ് ഈ നടിയുടെ കാര്യത്തിലും സംഭവിച്ചത്. കീറ്റോ ഡയറ്റ് ചെയ്യുന്ന എല്ലാവരും അതുമൂലമുണ്ടായ നേട്ടങ്ങളും ആരോഗ്യ പുരോഗതിയും അനുഭവിച്ചറിഞ്ഞവരാണ്. എല്ലാവർക്കും ആരോഗ്യമുള്ള ഒരു ജീവിതം നേരുന്നു. നല്ല ഭക്ഷണരീതിയാണ് ആരോഗ്യമുള്ള ജീവിതം പ്രദാനം ചെയ്യുന്നത്. ഭക്ഷണമാണ് മരുന്ന്. നന്ദി