Keto diet cheat meals

Keto diet cheat meals

LCHF Keto diet cheat meal remedies: How to reach ketosis after a cheat meal

കീറ്റോ ഡയറ്റ് തെറ്റിച്ചാൽ എന്തൊക്കെയാണ് ചെയ്യേണ്ടത് ? ഡയറ്റിൽ ഉൾപ്പെടാത്ത ഭക്ഷണം കഴിച്ചാൽ എന്താണ് പ്രതിവിധി ?

കീറ്റോ ഡയറ്റ് ചെയ്യുന്നവരുടെ ഒരു പ്രധാന വെല്ലുവിളിയാണ് കീറ്റോസിസ് നിലനിർത്തുക എന്നത് . മറ്റു ഡയറ്റുകൾ പോലെ അല്ല കീറ്റോ ഡയറ്റ്. അത് ഒരു മെറ്റബോളിക് ഡയറ്റ് ആണെന്ന് മാത്രമല്ല, ശരീരത്തിന്റെ പല രോഗാവസ്ഥകളെയും കുറവുകളേയും ശുദ്ധീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയുന്ന ഡയറ്റ് ആണ്. അതുകൊണ്ടു തന്നെ മറ്റു ഡയറ്റുകളിൽ ചെയുന്നത് പോലെ ഇടയ്ക്കിടെ ഉള്ള ചീറ്റ് മീൽ എന്ന ഒരു അവസരം ഇത്തരം ലോ കാർബ്‌ ഡയറ്റുകളിൽ ഇല്ല. അത് തന്നെയാണ് ഈ ഡയറ്റ് പിന്തുടരുന്നതിൽ നിന്ന് പലരെയും നിരുത്സാഹപ്പെടുത്തുന്നതും. എന്നാൽ ജീവിതകാലം മുഴുവൻ ചില രോഗങ്ങൾക്ക് മരുന്ന് കഴിച്ചു മടുത്ത ആളുകൾക്ക് ഇത്തരം ഡയറ്റ് ഒരു അനുഗ്രഹം തന്നെയാണ്. എന്നിരുന്നാലും നല്ല ഒരു റിസൾട്ട് ലഭിക്കാൻ കഠിനാദ്ധ്വാനം ആവശ്യമാണ്. ഡയറ്റിൽ ഉൾപ്പെടാത്ത എന്തെങ്കിലും ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഡയറ്റിൽ നിന്നും പുറത്താകാനുള്ള സാധ്യത വളരെ കൂടുതലാണ്. കീറ്റോസിസ് എന്ന് പറയുന്നത് വളരെ സെൻസിറ്റീവായ ഒരു മെറ്റാബോളിസം ആണ് . സാധാരണ മെറ്റബോളിസത്തിൽ നിന്ന് കീറ്റോസിസ് എന്ന മെറ്റബോളിസത്തിലേക്ക് എത്താൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും എടുക്കും. അതേസമയം കീറ്റോസിസ് മെറ്റബോളിസത്തിൽ നിന്ന് സാധാരണ മെറ്റബോളിസത്തിലേക്ക് മാറാൻ അരമണിക്കൂറോ ഒരു മണിക്കൂറോ മതിയാകും. എന്തെങ്കിലും ഒരു ചീറ്റ് മീൽ കഴിച്ചാൽ ഇത് സംഭവിക്കും. ഇത്രയും സെൻസിറ്റീവായ ഒരു മെറ്റബോളിസത്തെ സംരക്ഷിക്കാൻ അല്ലെങ്കിൽ നിലനിർത്താൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?

ലോ കാർബ് ഡയറ്റ് എടുക്കുമ്പോൾ കൂടുതൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് നമ്മൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം. അശ്രദ്ധ മൂലം ഉയർന്ന കാർബോഹൈഡ്രേറ്റ് ഉള്ള ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ അത് പൂർണമായും ഒഴിവാക്കുക. ചീറ്റ് മീൽ കഴിച്ചാൽ രണ്ടുദിവസം തുടർച്ചയായി ഇൻറർമിറ്റന്റ് ഫാസ്റ്റിംഗ് പിന്തുടരേണ്ടത് ആവശ്യമാണ്. ഇൻറർമിറ്റന്റ് ഫാസ്റ്റിംഗിൽ തന്നെ 16 മുതൽ 24 വരെയുള്ള മണിക്കൂർ വ്യത്യാസത്തിൽ ഫാസ്റ്റിംഗ് പാറ്റേണുകൾ ഉണ്ട് . ഇതിൽ ഏതാണോ നിങ്ങൾക്ക് ചെയ്യാൻ എളുപ്പം അതാണ് പിന്തുടരേണ്ടത്. അടുത്തതായി ശ്രദ്ധിക്കേണ്ടത് കുറച്ചു കൂടുതൽ സമയം എക്സർസൈസ് അഥവാ വ്യായാമം ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തണം. 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ തുടർച്ചയായി എന്തെങ്കിലും ഒരു എക്സർസൈസിൽ ഫോക്കസ് ചെയ്യേണ്ടതാണ്. കീറ്റോസിസ് എന്ന പ്രോസസ്സിനെ നിലനിർത്താനും സംരക്ഷിക്കാനും ആയി ഒരാഴ്ചയെങ്കിലും ഇതു തുടരണം.

MCT ഓയിൽ അഥവാ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ് ഓയിലുകൾ കീറ്റോൺസിന്റെ ഉൽപാദനം വർദ്ധിപ്പിക്കുവാനായി ഉപയോഗിക്കണം. MCT ഓയിലിന് ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ വെളിച്ചെണ്ണ. വെളിച്ചെണ്ണ ധാരാളമായി നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ കീറ്റോൺസിന്റെ ഉൽപാദനം വർദ്ധിക്കാൻ ഇടയാകും. അങ്ങനെ കീറ്റോസിസ് എന്ന പ്രക്രിയയുടെ സംരക്ഷണത്തിന് വെളിച്ചെണ്ണ പ്രധാന പങ്കുവഹിക്കുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം നിങ്ങൾ കൃത്യമായി ചെയ്യണം. ചീറ്റ് മീൽ എടുക്കുന്ന ദിവസം നിർബന്ധമായും ആപ്പിൾ സൈഡർ വിനാഗിർ (ACV ) കുടിച്ചിരിക്കണം. അധികമായി കഴിച്ച കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെ ഇത് നിയന്ത്രിക്കുന്നു.

അമിത അന്നജം ഉള്ള ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ചീറ്റ് മീൽ ആകുന്നത്. പ്രോട്ടീന്റെ അളവ് കൂടുമ്പോഴും ചീറ്റ് മീൽ ആകും. അധിക അളവിലുള്ള പ്രോട്ടീനെ ലിവർ കാർബോഹൈഡ്രേറ്റ് ആയി മാറ്റുന്നു. നല്ല രീതിയിൽ മെറ്റബോളിക് സ്ട്രെങ്ത് ഉള്ള ആളുകൾ ആണെങ്കിൽ 36 മണിക്കൂർ വാട്ടർ ഫാസ്റ്റിംഗ് ചെയ്താൽ തന്നെ അവർ തിരിച്ചു കീറ്റോസിസിലെത്തും. ഇങ്ങനെ വാട്ടർ ഫാസ്റ്റിംഗ് എടുക്കുമ്പോൾ ഫാസ്റ്റിംഗ് സമയത്ത് യാതൊരു തരത്തിലുമുള്ള കാലറി ഡ്രിങ്കുകൾ കുടിക്കാൻ പാടുള്ളതല്ല. വാട്ടർ ഫാസ്റ്റിംഗ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ലിക്വിഡ് ഫാസ്റ്റിംഗ് ചെയ്യാവുന്നതാണ്. ലിക്വിഡ് ഫാസ്റ്റിംഗിൽ 36 മണിക്കൂറിനുള്ളിൽ ഗ്രീൻ ടീ ,ബട്ടർ കോഫി, ബുള്ളറ്റ് പ്രൂഫ് കോഫി, ബ്ലാക്ക് കോഫി, ബ്ലാക്ക് ടീ, മധുരമില്ലാത്ത ബദാം മിൽക്ക് തുടങ്ങിയവ കുടിക്കാം. ഇങ്ങനെ ചെയ്താൽ വേഗം കീറ്റോസിസിൽ തിരിച്ചെത്താൻ സാധിക്കും . എങ്കിലും ചെയ്യുന്ന ആളുകളുടെ പ്രായം നമ്മൾ പരിഗണിക്കേണ്ടതാണ്. 30 വയസ്സിൽ താഴെയുള്ളവർക്ക് മെറ്റബോളിക് സ്ട്രെങ്ത് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ അവർ ഒരു ലിക്വിഡ് ഫാസ്റ്റിംഗോ അല്ലെങ്കിൽ വാട്ടർ ഫാസ്റ്റിംഗിനോ ശേഷം കീറ്റോസിസിൽ തിരിച്ചെത്തുന്നത് വേഗത്തിൽ ആയിരിക്കാം. യഥാർത്ഥത്തിൽ കീറ്റോ ഡയറ്റിൽ ചീറ്റ് മീൽ എന്നൊന്നില്ല. കീറ്റോജെനിക് ഡയറ്റിൽ കീറ്റോസിസ് എന്ന ആരോഗ്യകരമായ മെറ്റബോളിസം നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് തന്നെ ഡയറ്റിൽ ഉൾപ്പെടാത്ത ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക യാണ് വേണ്ടത്. കീറ്റോ കാൽക്കുലേറ്റർ ഉപയോഗിച്ചുകൊണ്ട് ഒരാളുടെ ശരീരത്തിൻറെ ഭാരത്തിനും ഉയരത്തിനും പ്രായത്തിനും അനുസൃതമായി മാക്രോ പ്രൊപോഷൻ (ഒരു ദിവസം കഴിക്കേണ്ട ഭക്ഷണങ്ങളുടെ അളവ്) ഗണിക്കേണ്ടതുണ്ട്. ആ അളവ് അനുസരിച്ച് കൃത്യമായി കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫാറ്റും കഴിക്കുമ്പോഴാണ് കീറ്റോജെനിക് എന്ന പ്രക്രിയയിലേക്ക് ശരീരം വേഗത്തിൽ എത്തുന്നത്. സ്വന്തമായി ഡയറ്റ് ചെയ്യുന്നവർക്ക് ഈ അളവ് കൃത്യമായി ലഭിക്കണമെന്നില്ല. പരിശീലനം ലഭിച്ച ഒരു പ്രൊഫഷണൽ ഗൈഡൻസ് ഇതിന് ആവശ്യമാണ്. കീറ്റോസിസിൽ തിരിച്ചെത്താൻ അവരുടെ മെറ്റബോളിസവും പ്രായവും എല്ലാം പരിഗണിക്കേണ്ടതുണ്ട്. കഴിച്ചുപോയ ചീറ്റ് മീലിന്റെ അളവ് നോക്കിയിട്ട് വേണം പരിഹാരമാർഗ്ഗങ്ങളിലേക്ക് കടക്കാൻ . ഒരു ചെറിയ കഷണം ചോക്ലേറ്റ് അല്ലെങ്കിൽ ലഡ്ഡു അങ്ങനെ എന്തെങ്കിലും കഴിച്ചാൽ പൂർണമായും കീറ്റോസിസ് എന്ന മെറ്റബോളിസത്തിൽനിന്ന് ഒഴിവാക്കപ്പെടണം എന്നില്ല. ഇവിടെയാണ് മെറ്റബോളിക് സ്ട്രെങ്ത്തിൻറെ ആവശ്യം. നല്ല രീതിയിൽ കൃത്യമായി ഡയറ്റ് പിന്തുടരുന്ന ഒരാൾ ഒരു ചെറിയ ചീറ്റ് മീൽ കൊണ്ട് ഉടനെതന്നെ ഡയറ്റിൽ നിന്ന് പുറത്താകണം എന്നില്ല. മെറ്റബോളിക് സ്ട്രെങ്ത് കുറവുള്ളവർ ചിലപ്പോൾ പുറത്തായേക്കാം. ഒരുപക്ഷേ കൂടുതൽ നാൾ ഡയറ്റ് പിന്തുടർന്നവർ എളുപ്പത്തിൽ പുറത്താകുകയും ഇല്ല . എന്തായാലും ചെറുതാണെങ്കിലും ചീറ്റ് മീൽ എന്നൊന്നു സംഭവിച്ചു കഴിഞ്ഞാൽ നമുക്ക് ഏറ്റവും അടുത്ത പ്രതിവിധി തൊട്ടടുത്ത നേരത്തെ ഭക്ഷണം ഉപേക്ഷിക്കുക എന്നതാണ്.

അടുത്തതായി അറിഞ്ഞോ അറിയാതെയോ ബിരിയാണി അല്ലെങ്കിൽ സദ്യ പോലെ ഉയർന്ന അളവിലുള്ള ചീറ്റിംഗ് എടുക്കുന്നവരെ കുറിച്ചുള്ളതാണ്. മറ്റൊരു അവസരം എന്നുപറയുന്നത് ഇടവിട്ടുള്ള ഉപവാസം അഥവാ ഇൻറർമിറ്റന്റ് ഫാസ്റ്റിംഗ് ആണ് . 16 മുതൽ 18 മണിക്കൂർ വരെയുള്ള ഫാസ്റ്റിംഗ് തുടർച്ചയായി ഒരു ആഴ്ച ചെയ്യണം. ഫാസ്റ്റിംഗ് സമയത്ത് വെള്ളം മാത്രം കുടിച്ചു കൊണ്ട് വേണം ഡയറ്റ് ചെയ്യാൻ . 20 മണിക്കൂർവരെ ഫാസ്റ്റിംഗ് ചെയ്യാവുന്നതാണ്. അത് ഓരോരുത്തരുടെയും കഴിവും മനഃസാന്നിധ്യവും അനുസരിച്ച് ചെയ്താൽ മതിയാകും. ഫാസ്റ്റിംഗ് സമയത്താണ് വ്യായാമം ചെയ്യേണ്ടത്. ഭക്ഷണം കഴിച്ചതിനുശേഷം എക്സർസൈസ് ചെയ്യരുത്. ഫാസ്റ്റിംഗ് അവസാനിപ്പിക്കുന്നതിന് കുറച്ചു മുൻപായി വ്യായാമം ചെയ്താൽ അത് കൂടുതൽ കലോറി എരിച്ചു കളയാൻ കാരണമാകും. ഇങ്ങനെ ചെയ്യുന്നത് കുടവയർ കുറയാൻ സഹായിക്കും.

ആപ്പിൾ സൈഡർ വിനാഗിരി (ACV) രണ്ട് ടീസ്പൂൺ, ഒരു നാരങ്ങയുടെ പകുതി, ആവശ്യത്തിന് ഹിമാലയൻ പിങ്ക് സാൾട് അഥവാ ഇന്തുപ്പ് , എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ നന്നായി നേർപ്പിച്ചതിനുശേഷം ഒരു സ്ട്രോ ഉപയോഗിച്ച് ഉറങ്ങുന്നതിനു മുൻപ് കുടിക്കാവുന്നതാണ്. ആപ്പിൾ സൈഡർ വിനാഗിരി (ACV) എന്നത് ഒരു വീര്യം കുറഞ്ഞ ആസിഡ് ആണ് ,അത് പല്ലുകളിൽ സ്പർശിക്കുന്നത് നല്ലതല്ല. സ്ട്രോ ഉപയോഗിച്ച് കുടിക്കാൻ സാധിക്കാത്തവർക്ക് നേരിട്ട് കുടിക്കാവുന്നതാണ്. എന്നാൽ കുടിച്ചു കഴിഞ്ഞ ഉടനെ വായ നന്നായി കഴുകി വൃത്തിയാക്കണം അല്ലെങ്കിൽ ബ്രഷ് ചെയ്യണം. അധികം വരുന്ന കാർബോഹൈഡ്രേറ്റിനെ ദഹിപ്പിക്കാൻ ആപ്പിൾ സൈഡർ വിനാഗിരിക്കു കഴിയും. യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാനും ഈ മിശ്രിതം സഹായിക്കും.

ഫാസ്റ്റിംഗ് സമയത്ത് പലരും ഉപ്പിട്ട നാരങ്ങാവെള്ളം, കട്ടൻ ചായ,കട്ടൻകാപ്പി, ഗ്രീൻ ടീ തുടങ്ങിയവ ഉൾപ്പെടുത്താറുണ്ട്. ഏറ്റവും പൂർണമായ ഒരു ഫലം ലഭിക്കാൻ ഫാസ്റ്റിംഗ് സമയത്ത് വെള്ളം മാത്രം കുടിക്കുക. വെള്ളം കുടിക്കുമ്പോൾ രണ്ടോ മൂന്നോ ലിറ്റർ കുടിച്ചാൽ മതിയാകും. ദാഹത്തിന് അനുസരിച്ചാണ് വെള്ളം കുടിക്കേണ്ടത്. ധാരാളം വെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിലെ അമിത കൊഴുപ്പ് ഉരുകി പോവുകയില്ല. വെള്ളം ഒരിക്കലും കൊഴുപ്പിനെ ദഹിപ്പിക്കുന്നില്ല. നമുക്ക് അറിയാവുന്നതുപോലെ വെള്ളത്തിൽ വെളിച്ചെണ്ണ ചേർത്താൽ അതൊരിക്കലും ലയിച്ചു യോജിക്കാറില്ല. വെളിച്ചെണ്ണ വേർതിരിഞ്ഞു തന്നെ നിൽക്കും.അതുപോലെതന്നെ വെള്ളം കുടിക്കുന്നത് കൊണ്ട് തടി കുറയാനോ കൊഴുപ്പ് ഉരുകാനോ സാധ്യതയില്ല. അത് തികച്ചും തെറ്റായ ഒരു പ്രചാരണമാണ്. വെള്ളം കുടിക്കുന്നത് ശരീരത്തിലെ മറ്റു പല ആവശ്യങ്ങൾക്കും ഉപാപചയപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനും വേണ്ടിയാണ്. അമിതമായ വെള്ളം നമ്മുടെ ശരീരത്തിന് ആവശ്യമില്ല. ശരീരത്തിൻറെ ഉയരത്തിനും ഭാരത്തിനും അനുസരിച്ച് മാത്രം വെള്ളം കുടിക്കുക. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എടുക്കുന്നവർ അഞ്ചോ ആറോ ലിറ്റർ വെള്ളം കുടിക്കുന്നത് ആയി പറയുന്നു. ഒരിക്കലും അതിൻറെ ആവശ്യമില്ല.

ചീറ്റ് മീൽ എടുത്തതിനുശേഷം ഒരാഴ്ച ഫാസ്റ്റിംഗ് എടുക്കുന്നവർ ഭക്ഷണത്തിൽ കൂടുതൽ കൊഴുപ്പ് ഉൾപ്പെടുത്താൻ ശ്രമിക്കണം. 5 വാൾനട്സ് 5 ബദാം, ബട്ടർ ഫ്രൂട് അതായത് അവോക്കാഡോ, Egg Yolk അഥവാ മുട്ടയുടെ മഞ്ഞക്കരു, 50 ഗ്രാം വെണ്ണ തുടങ്ങിയവ ഉൾപ്പെടുത്താം. പ്രോട്ടീൻ സ്രോതസിനു വേണ്ടി ഇറച്ചിയോ മീനോ ഉൾപ്പെടുത്തുമ്പോൾ deep oil ഫ്രൈ അഥവാ എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന രീതിയിൽ പാകം ചെയ്ത് എടുക്കേണ്ടതാണ്. സാലഡുകൾ കഴിക്കുമ്പോൾ നിർബന്ധമായും എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ചേർക്കുക. ബോൺ ബ്രോത് അഥവാ സൂപ്പുകൾ കുടിക്കാവുന്നതാണ്. ചീറ്റ് മീൽ എടുത്ത് കഴിഞ്ഞു തിരിച്ചു ഡയറ്റിലേക്ക് വരുമ്പോൾ ആദ്യത്തെ 7 ദിവസം വൈറ്റമിൻ ബി കോമ്പ്ലെക്സ് ഗുളിക കഴിക്കുന്നത് നല്ലതാണ്. സാധാരണ കീറ്റോജെനിക് ഡയറ്റിൽ 20 മുതൽ 50 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് ആളുകൾ പൊതുവേ കഴിക്കാറുണ്ട്. എന്നാൽ ചീറ്റ് മീൽ എടുത്തതിനുശേഷം 5 ഗ്രാം മുതൽ 10 ഗ്രാമിനുള്ളിൽ കൃത്യമായി കാർബോഹൈഡ്രേറ്റിന്റെ അളവ് ശ്രദ്ധിക്കണം. ഈ 10 ഗ്രാമിൽ ഉൾപ്പെടുന്ന കാർബോ ഹൈഡ്രേറ്റ് ഇലക്കറികളിൽ നിന്ന് ലഭ്യമാക്കണം. ബാക്കി മത്സ്യമാംസ ഭക്ഷണങ്ങളിൽ നിന്നും മുട്ട വെളിച്ചെണ്ണ ബട്ടർ നെയ്യ് ഒലിവെണ്ണ തുടങ്ങിയവ ഉൾപ്പെടുത്താം. പച്ചക്കറികളിൽ നിന്ന് അല്ലാതെ കാർബോഹൈഡ്രേറ്റ് ഈ ഒരു കാലയളവിൽ ഉൾപ്പെടുത്താൻ പാടില്ല. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള അണ്ടി വർഗ്ഗങ്ങളും ഒഴിവാക്കണം. ഇത്തരം കാര്യങ്ങൾ പറയുമ്പോഴും ചീറ്റ് മീൽ എന്നത് അവസാന അവസരം മാത്രമായിരിക്കണം.

അടുത്തതായി സുഖകരമായ ഉറക്കം അത്യാവശ്യമാണ്. എട്ടു മണിക്കൂറെങ്കിലും ഒരുദിവസം ഉറങ്ങാൻ ശ്രമിക്കണം. ഉറങ്ങുന്നത് വഴി സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കം കുറയുകയും അങ്ങനെ കോർട്ടിസോളിന്റെ അളവ് കുറയുകയും ചെയ്യുന്നു. അതുമൂലം മെറ്റബോളിസം വർദ്ധിക്കുകയും പെട്ടെന്ന് കീറ്റോസിസിൽ എത്താൻ സഹായിക്കുകയും ചെയ്യുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ചീറ്റ് മീൽ എടുത്തവർക്കും ശരീരഭാരം കുറയുന്നത് സ്റ്റക്ക് ആയവർക്കും പിന്തുടരാവുന്ന കാര്യങ്ങളാണ്. ഡയറ്റ് എടുക്കുന്ന എല്ലാവർക്കും ഈ കാര്യങ്ങൾ പിന്തുടരാവുന്നതാണ്.

×

Hello!

Click one of our contacts below to chat on WhatsApp

× Contact us