What happens to your LDL cholesterol when you go on an LCHF Keto diet: How to control the high cholesterol levels in the LCHF Keto diet Malayalam.

ലോ കാർബ് ഡയറ്റുകൾ ചെയ്യുന്നവരിൽ കണ്ടുവരുന്ന ഉയർന്ന കൊളസ്ട്രോളിന് കാരണമെന്ത്? അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്?

കീറ്റോ ഡയറ്റ് ചെയ്യുകയും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ രക്തപരിശോധന നടത്തി അതിൽ ഉയർന്ന അളവിൽ LDL CHOLESTEROL അല്ലെങ്കിൽ BAD CHOLESTEROL കാണുകയും അതുമൂലം സംശയങ്ങൾ ചോദിച്ചത് കൊണ്ടാണ് എല്ലാവരുടെയും അറിവിലേക്കായി ഇതിൻറെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത്.

LCHF-KETO DIET ചെയ്യുന്നവർ ഏതാനും ചില യൂട്യൂബ് വീഡിയോകൾ മാത്രം കണ്ടതിനുശേഷം സ്വന്തം ഇഷ്ടപ്രകാരം ഡയറ്റ് ചെയ്യുമ്പോൾ ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത്തരം ഡയറ്റുകൾ ചെയ്യുമ്പോൾ അതിനെ കുറിച്ച് വ്യക്തമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ കൃത്യമായ പ്രൊഫഷണൽ ഗൈഡൻസ് ഇല്ലാതെ ഡയറ്റ് ചെയ്യുന്നവർ രക്തത്തിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ കാണുമ്പോൾ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുകയും ഡോക്ടർ കുറിച്ച് കൊടുക്കുന്ന മരുന്നു കഴിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു.സത്യത്തിൽ ഇപ്രകാരം രക്തപരിശോധന നടത്തി ഡോക്ടറെ സമീപിക്കുന്നവർ പൂർണ്ണമായും തെറ്റായ ഇൻഫർമേഷൻ ആണ് ഡോക്ടർക്ക് നൽകുന്നത്. കയ്യിലുള്ള ക്ലിനിക്കൽ ഡയഗ്നോസിസിന്റെ അടിസ്ഥാനത്തിൽ മരുന്ന് കുറിച്ചു കൊടുക്കുകയും രോഗി അനവസരത്തിൽ മരുന്ന് കഴിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ഇത്തരം തെറ്റുകൾ ആരും ചെയ്യാതിരിക്കാൻ വേണ്ടിയാണ് നിങ്ങൾക്ക് വേണ്ടി വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

ആദ്യം തന്നെ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം ഇത്തരം സന്ദർഭങ്ങളിൽ ഉടനെ നിങ്ങൾ മരുന്ന് കഴിച്ച് തുടങ്ങേണ്ടത് ഇല്ല . കാരണം നമ്മുടെ ലബോറട്ടറികളിൽ 75% കാർബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണ രീതി പിന്തുടരുന്നവരുടെ ക്ലിനിക്കൽ റിസർച്ചിൻറെ ഭാഗമായി ഉണ്ടാക്കിയ നോർമൽ വാല്യൂകളാണ് ലഭ്യമായിട്ടുള്ളത്.കീറ്റോ ഡയറ്റ് പിന്തുടരുന്നവരെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പഠനങ്ങളോ ലബോറട്ടറി റിസൾട്ടുകളോ നോർമൽ വാല്യൂസോ ഇന്നുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം ഡയറ്റുകളെ കുറിച്ച് നന്നായി അറിയുകയും റിസർച്ച് ചെയ്യുകയും ചെയ്യുന്നവരുടെ അഭിപ്രായങ്ങൾ അറിയേണ്ടതുണ്ട്. കൃത്യമായ വിവരങ്ങൾ അറിയാത്തത് മൂലം തെറ്റായ രീതിയിൽ ഡയറ്റ് ചെയ്തു ഗുരുതരമായ പാർശ്വഫലങ്ങളിലേക്ക് ആരും പ്രവേശിക്കരുത്.

HDL, ട്രൈഗ്ലിസറൈഡ്സ് എന്നിവയുടെ മൂല്യങ്ങൾ ആണ് നിങ്ങൾ കൂടുതൽ പരിഗണിക്കേണ്ടത്. എപ്പോഴും Total കൊളസ്ട്രോൾ മാത്രം പരിശോധിച്ചിട്ട് കൃത്യമായ ഫലം ഉണ്ടാകില്ല. Lipid Profile എന്നറിയപ്പെടുന്ന Complete cholesterol profile test ചെയ്താൽ മാത്രമേ Total കൊളസ്ട്രോളിനെ നമുക്ക് വ്യാഖ്യാനിക്കാൻ സാധിക്കുകയുള്ളൂ. പൊതുവേ ഡയറ്റ് ചെയ്യുന്ന ആളുകൾ Total കൊളസ്ട്രോൾ പരിശോധിച്ച് കൊളസ്ട്രോൾ ഉയർന്ന അളവിൽ ആയി എന്ന് പരാതിപ്പെടാറുണ്ട്.മറ്റു റിസൾട്ടുകൾ എല്ലാം മികച്ചതായി നിൽക്കുമ്പോഴും എന്തുകൊണ്ട് എനിക്ക് കൊളസ്ട്രോൾ മാത്രം ഇങ്ങനെ ഉയർന്ന അളവിൽ നിൽക്കുന്നു എന്ന് പലരും ചോദിക്കുന്നു. മുകളിൽ പറഞ്ഞതുപോലെ പോലെ സാധാരണ ലബോറട്ടറികളിൽ ടോട്ടൽ കൊളസ്ട്രോൾ മാത്രം പരിശോധിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്.

LDL, VLDL ,ട്രൈഗ്ലിസറൈഡ് തുടങ്ങിയവ ഘട്ടംഘട്ടമായി പരിശോധിച്ച ശേഷം മാത്രമേ കൊളസ്ട്രോൾ മൂലം എന്തെങ്കിലും പ്രശ്നം വരാൻ സാധ്യതയുണ്ടോ എന്ന് വിലയിരുത്താൻ സാധിക്കുകയുള്ളൂ. LIPID PROFILE പരിശോധിക്കുമ്പോൾ ആ ഗ്രൂപ്പിൽ തന്നെ ഏറ്റവും മോശപ്പെട്ടതും ശരീരത്തിന് അത്യധികം ദോഷം ചെയ്യുന്നതുമായ കൊളസ്ട്രോൾ ആയി അറിയപ്പെടുന്നത് ട്രൈഗ്ലിസറൈഡ്സ് ആണ്. ട്രൈഗ്ലിസറൈഡ് എപ്പോഴും നോർമൽ വാല്യൂവിന് താഴെ തന്നെ നിൽക്കണം. HDL 40 നും 50 നും ഉള്ളിൽ എപ്പോഴും നിലനിർത്തണം. ഇവ രണ്ടും കൃത്യമാണെങ്കിൽ നമ്മൾ 90% വിജയിച്ചുകഴിഞ്ഞു.

LDL & HDL
ട്രൈഗ്ലിസറൈഡിനെ വച്ച് താരതമ്യം ചെയുമ്പോൾ LDL അത്ര മോശപ്പെട്ട ലിസ്റ്റിലുള്ള ചീത്ത കൊളസ്ട്രോൾ ആണെന്ന് പറയാനാകില്ല.. ലിവറിൽ ആണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നത്. ഇങ്ങനെ ഉണ്ടാക്കപ്പെടുന്ന കൊളസ്ട്രോളിനെ ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്ന ഡ്യൂട്ടി ആണ് LDLനുള്ളത്. ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ എന്ന് അറിയപ്പെടുന്ന ലിപ്പോ പ്രോട്ടീനുകൾ അഥവാ വാഹകർ ആണ് ഇവ.ഇപ്രകാരം ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യമില്ലാത്ത കൊളസ്ട്രോളിനെ തിരിച്ച് ലിവറിൽ എത്തിക്കുന്ന ലിപ്പോ പ്രോട്ടീനുകളാണ് HDL. (ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീനുകൾ) .ഇപ്രകാരം ആവശ്യമില്ലാത്ത കൊളസ്ട്രോളിനെ തിരിച്ച് ലിവറിൽ എത്തിക്കുന്ന എച്ച് ഡി എല്ലിൽ കുറവുണ്ടാകാൻ പാടില്ല.കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ നമ്മൾ ഒരാളെ ഒരു സ്ഥലത്ത് ഡ്രോപ്പ് ചെയ്യുകയും തിരിച്ചുകൊണ്ടു വരാതിരിക്കുകയും ചെയ്താൽ എന്തു സംഭവിക്കും? നമ്മുടെ നാട്ടിൽ സാധാരണയായി പറയാറുള്ളതുപോലെ വഴിയാധാരമായി പോകും. ഇതുതന്നെയാണ് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ കാര്യത്തിലും സംഭവിക്കുന്നത്. അതുകൊണ്ടാണ് എച്ച്ഡിഎൽ എപ്പോഴും 40 നും 50 നും ഇടയിൽ വേണം എന്നു പറയുന്നത്.

എന്താണ് LDL-A & LDL-B
ട്രൈഗ്ലിസറൈഡ് കുറവും എച്ച്ഡിഎൽ കൂടുതലും ആണെങ്കിൽ അതിനെ എൽഡിഎൽ – A എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. ഈ സാഹചര്യത്തിൽ എൽഡിഎൽ വർധിച്ചിരുന്നാലും നിങ്ങൾ യാതൊരു തരത്തിലും ഭയപ്പെടേണ്ടതില്ല.അതേസമയം ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുതലും എച്ച്ഡിഎല്ലിന്റെ അളവ് കുറവും ആണെങ്കിൽ ഇത് LDL-B എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. ഈ സാഹചര്യത്തിൽ നാം ഭയപ്പെടേണ്ടിയിരിക്കുന്നു.ഇത്തരക്കാർ പിന്തുടരുന്ന ഭക്ഷണരീതിയിൽ അടി മുതൽ മുടി വരെ മാറ്റം വരുത്തേണ്ടതുണ്ട്. നിലവിൽ എൽഡിഎൽ എന്ന കൊളസ്ട്രോൾ 300-350 ആകുന്നതല്ല യഥാർത്ഥ പ്രശ്നം. ഇത് എൽ ഡി എൽ- A അല്ലെങ്കിൽ എൽ ഡി എൽ – B ആണോ എന്ന് തിരിച്ചറിയുക എന്നതാണ് പരമപ്രധാനം. ഇത് തിരിച്ചറിയണമെങ്കിൽ ട്രൈഗ്ലിസറൈഡ് അളവ് കൂടുതൽ ആണോ എന്ന് പരിശോധിക്കണം. ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടിയാൽ വളരെയധികം മുൻകരുതലുകളെടുക്കണം. ട്രൈഗ്ലിസറൈഡിന്റെ അളവ് കുറഞ്ഞാൽ അവിടെ യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ല.എൽ ഡി എൽ – A എന്ന സാഹചര്യത്തിൽ LDLന്റെ അളവ് വർദ്ധിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല. എൽഡിഎൽ 300 വരെ ആയാലും കുഴപ്പമില്ല. LDL-A saturated fatലൂടെയാണ് ലഭ്യമാകുന്നത്. (വെളിച്ചെണ്ണ ,ശുദ്ധമായ ഒലിവ് ഓയിൽ മുതലായവ).

എൽഡിഎൽ – B അപകടകാരിയാണ്. അതിൻറെ പ്രധാനഘടകം മധുരമാണ്. മധുരവും ഉയർന്ന കൊഴുപ്പും ചേർന്ന ഭക്ഷണ രീതി. അതായത് അമിത കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ കൂടെ ഉയർന്ന അളവിൽ മധുരമോ അല്ലെങ്കിൽ അന്നജം അതായത് കാർബോഹൈഡ്രേറ്റോ കലർത്തിയുള്ള ഭക്ഷണരീതി. ഇത്തരം ശീലങ്ങളെ നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് മാറ്റിയെടുക്കേണ്ടതുണ്ട്.ഭക്ഷണത്തിൽ പഞ്ചസാരയുടെ അല്ലെങ്കിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതൽ ഉൾപ്പെടുത്തുന്നവർ, ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള inflammation ഉള്ളവർ , തൈറോയ്ഡ് കുറവുള്ളവർ , വെളിച്ചെണ്ണയോ ഒലീവ് ഓയിലോ അല്ലാതെ മറ്റ് എണ്ണകൾ ഉപയോഗിക്കുന്നവർ തുടങ്ങിയ കാറ്റഗറിയിലുള്ള ആളുകൾക്ക് എൽഡിഎൽ – B വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ട്രാൻസ്ഫാറ്റ് അതായത് വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ആണെങ്കിലും ഒരിക്കൽ പാചകം ചെയ്ത എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് LDL-B വർദ്ധിക്കാൻ ഇടയാക്കും.

കീറ്റോജെനിക് പോലെയുള്ള ലോ കാർബ് ഡയറ്റുകൾ പിന്തുടരുന്ന പലരും ഇതുപോലെ പാചകം ചെയ്ത എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ അവർക്കും എൽ ഡി എൽ ബി വരാനുള്ള സാധ്യതയുണ്ട്. വൈറ്റമിൻ സി യുടെ അഭാവം എൽഡിഎൽ ബിയിലേക്ക് നയിക്കും. അതുകൊണ്ടാണ് നാരങ്ങാ വെള്ളം പോലെയുള്ള ജ്യൂസുകൾ കുടിക്കാൻ ഡയറ്റിൽ നിർദ്ദേശിക്കുന്നത്.അമിതമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ബേക്ക് ചെയ്തു കഴിക്കുന്നതും അപകടകരമാണ്. ഉദാഹരണത്തിന്, ഡോണട്ട്സ്, സ്വീറ്റ് സോസ് ചേർത്ത് ബേക്ക് ചെയ്തവ. ഫ്രക്ടോസ് പോലെയുള്ള കോൺ സിറപ്പുകൾ ചേർത്ത ബേക്കറി മധുരപലഹാരങ്ങൾ. ചുരുക്കി പറഞ്ഞാൽ ഉയർന്ന കാർബോഹൈഡ്രേറ്റും ഉയർന്ന കൊഴുപ്പും അപകടകരമാണ്. അതുപോലെതന്നെ ഉയർന്ന കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും അപകടകരമാണ്. സർജറി കഴിഞ്ഞ ആളുകൾ , ആക്സിഡന്റിനു ശേഷം ട്രോമ അവസ്ഥ നേരിടുന്നവർ തുടങ്ങിയവർക്കും LDL-B വരാനുള്ള സാധ്യത അധികമാണ്.

രക്തത്തിൽ HDL വർദ്ധിപ്പിക്കുവാനായി ചെയ്യേണ്ട കാര്യങ്ങൾ .

  1. 30 മുതൽ 40 മിനിറ്റ് വരെ ദിവസവും നടക്കുക അല്ലെങ്കിൽ വ്യായാമം ചെയ്യുക.
  2. പാചകം ചെയ്യുമ്പോൾ വെളിച്ചെണ്ണ അല്ലെങ്കിൽ ശുദ്ധമായ ഒലിവ് ഓയിൽ ഉപയോഗിക്കുക.
  3. Salmon പോലെയുള്ള ഉയർന്ന കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുക.
  4. വെണ്ണപ്പഴം (Avocado), ഫ്ലാക്സ് സീഡ്, അണ്ടി വർഗ്ഗങ്ങൾ (Nuts) തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  5. Omega-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്.
  6. കീറ്റോജെനിക് പോലെയുള്ള ലോ കാർബ് ഡയറ്റുകൾ പിന്തുടരുന്നതിലൂടെ HDL വർദ്ധിപ്പിക്കാൻ സഹായിക്കും.
  7. Egg – Omega 3 Eggs, ഫിഷ് ലിവർ ഓയിൽ, ഡാർക്ക് ചോക്കലേറ്റ്, Full Fat Yogurt മുതലായ ഭക്ഷണങ്ങൾ എല്ലാം എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ സഹായിക്കും.

ട്രൈഗ്ലിസറൈഡ്

ലിപിഡ് പ്രൊഫൈൽ എന്ന കൊളസ്ട്രോൾ ഗ്രൂപ്പിനകത്ത് അപകടകാരിയായി കരുതപ്പെടുന്ന ഒരു കൊളസ്ട്രോളാണ് ട്രൈഗ്ലിസറൈഡ്. കാരണം ട്രൈഗ്ലിസറൈഡുകൾ രക്തക്കുഴലിൽ പറ്റി പിടിക്കാനും ബ്ലോക്ക് ഉണ്ടാക്കാനും ഇടയാകുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് ഇത് നയിക്കുന്നു. അതുകൊണ്ടുതന്നെ ട്രൈഗ്ലിസറൈഡ് എപ്പോഴും നോർമൽ റേഞ്ചിന് താഴെ തന്നെ നിലനിർത്തേണ്ടത് ആവശ്യമാണ്. അമിതമായ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോഴാണ് ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയരുന്നത്.

കൃത്യമായ വ്യായാമമുറകൾ പിന്തുടരാത്തവർക്ക് HDL ന്റെ അളവു കുറയുന്നു. എച്ച്ഡിഎൽ വർധിപ്പിക്കാനായി ആയി കൃത്യമായ വ്യായാമമുറകൾ പിൻതുടരുകയും നല്ല കൊഴുപ്പ് കഴിക്കുകയും വേണം. സസ്യ എണ്ണകൾ അഥവാ ട്രാൻസ്ഫാറ്റുകൾ ധാരാളം ചേർത്തിട്ടുള്ള ഹോട്ടൽ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവരിലാണ് എച്ച്ഡിഎൽ കുറയുന്നതായി കണ്ടുവരുന്നത്.

ഒരിക്കൽ പാചകം ചെയ്ത എണ്ണയിൽ തന്നെ വീണ്ടും വീണ്ടും പാചകം ചെയ്യുമ്പോൾ അതായത് ഒരിക്കൽ ചൂടാക്കിയ എണ്ണ പലപ്രാവശ്യം വീണ്ടും ചൂടാക്കുമ്പോൾ പലതരത്തിലുള്ള കെമിക്കൽ റിയാക്ഷനുകൾ സംഭവിക്കുകയും അവയിൽ ട്രാൻസ്ഫാറ്റ് അപകടകരമായ രീതിയിൽ വർദ്ധിക്കുകയും ചെയ്യുന്നു. ഇത്തരം കൊഴുപ്പുകൾ രക്തത്തിൽ പ്രവേശിച്ചാൽ അതിനെ രക്തത്തിൽനിന്ന് വേർതിരിക്കുക ശ്രമകരമാണ്.

ചുരുക്കിപ്പറഞ്ഞാൽ രക്തത്തെ തിളപ്പിച്ചാൽ പോലും ഇവ ഉരുകുക പ്രയാസമാണ്. അതുകൊണ്ടാണ് ട്രാൻസ്ഫാറ്റുകൾ കഴിക്കരുത് എന്ന് പറയുന്നത്. ഉയർന്ന ചൂടിൽ പാചകം ചെയ്യുന്ന എണ്ണകളും പുറത്തുനിന്നുള്ള ഭക്ഷണങ്ങളും നിയന്ത്രിക്കുകയും കൃത്യമായ വ്യായാമമുറകൾ പിന്തുടരുകയും ചെയ്യുന്നവർക്ക് മാത്രമാണ് ആരോഗ്യം നിലനിർത്താൻ സാധിക്കുക.

കൊഴുപ്പിനെ കുറിച്ച് എല്ലാവരുടെയും ഇടയിൽ ധാരാളം തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു.എങ്ങനെയാണ് നാം കൊഴുപ്പ് ഉപയോഗിക്കേണ്ടത് ?

ഒരുപാട് ആളുകൾ രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ വെണ്ണയോ ഒരു സ്പൂൺ നെയ്യോ കഴിക്കുന്നുണ്ട്. അതുകൊണ്ടൊന്നും ആരുടേയും കൊളസ്ട്രോൾ കൂടുന്നില്ല. ഇതിൻറെ കൂടെ മധുരമുള്ള ചായയും അല്ലെങ്കിൽ ധാരാളം മധുരമുള്ള മറ്റെന്തെങ്കിലുമോ കഴിക്കുമ്പോഴാണ് ചീത്ത കൊളസ്ട്രോൾ വർധിക്കുന്നത്. അമിത മധുരമുള്ള യാതൊന്നും തന്നെ നമ്മുടെ ശരീരത്തിന് ഒട്ടും യോജിക്കുന്നതല്ല.

അതുപോലെതന്നെ അമിത അളവിൽ അന്നജം ഉള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഈ അന്നജത്തെ ശരീരം കൊഴുപ്പ് ആയി മാറ്റുന്നു എന്ന വസ്തുത പലരും അറിയുന്നില്ല. ഇൻസുലിൻ എന്ന ഹോർമോൺ നമ്മുടെ ശരീരത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഫാറ്റ് ഒരിക്കലും ദഹിക്കുന്നില്ല.

ഇൻസുലിൻ റെസിസ്റ്റൻസിനെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ആണ് ഇൻറർമിറ്റന്റ് ഫാസ്റ്റിംഗ് , നല്ല ഉറക്കം, സ്ഥിരമായ വ്യായാമം,ചിട്ടയുള്ള ജീവിതചര്യ ,ഡയറ്റ് ചെയ്യുന്നവർ എപ്പോഴും പ്രൊഫഷണൽ ഗൈഡൻസോടു കൂടെ ഡയറ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. പിന്തുടരാൻ പോകുന്ന ഡയറ്റിനെ കുറിച്ച് വ്യക്തമായ അറിവ് വേണം.

ഇതെല്ലാം ഔട്ട് ഓഫ് സിലബസ് കാര്യങ്ങളാണ്. റിയാലിറ്റിയിൽ നിന്നു മാത്രമാണ് ഇത്തരം കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഒരു ഡയറ്റ് ചെയ്യുമ്പോൾ അതിൻറെ പാർശ്വഫലങ്ങൾ എന്തൊക്കെയാണ് അത് തെറ്റിച്ചു കഴിഞ്ഞാൽ ചെയ്യേണ്ട പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് ഓരോരുത്തർക്കും അനുയോജ്യമായ ഡയറ്റ് ഏതാണ് എന്നൊക്കെ കൃത്യമായി മനസ്സിലാക്കണം.

×

Hello!

Click one of our contacts below to chat on WhatsApp

× Contact us