Hair loss in LCHF-Keto diet: causes and tips to hair growth
കീറ്റോ ഡയറ്റിൽ മുടികൊഴിച്ചിൽ ഉണ്ടാകുമോ
തുടർച്ചയായി മുടി കൊഴിയുന്നത് എല്ലാവർക്കും മാനസികമായി വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ഇതിനെ തടയാൻ വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് നോക്കാം. മുടി കൊഴിച്ചിൽ വരാനുള്ള കാരണങ്ങൾ ഒരുപാടുണ്ട്. അത് നിങ്ങൾക്കെല്ലാവർക്കും സുപരിചിതമാണല്ലോ. എന്നാൽ എങ്ങനെയാണ് മുടി കൊഴിച്ചിലിനെ തടയേണ്ടത്. അല്ലെങ്കിൽ ഒരു പരിധിവരെ എങ്ങനെയാണ് കുറയ്ക്കാൻ സാധിക്കുക. വീണ്ടും മുടി തിരികെ കൊണ്ടുവരാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും.??
Hair loss remedies
മൂന്ന് മുതൽ ആറ് മാസം വരെ മാത്രം ഡയറ്റ് ചെയ്യുന്ന ആളുകൾക്ക് മുടികൊഴിച്ചിൽ അത്രയധികമായി കണ്ടുവരാറില്ല. താൽക്കാലികമായി മുടികൊഴിച്ചിൽ ഉണ്ടായാലും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ അത് അപ്രത്യക്ഷമാകുന്നതാണ്. എന്നാൽ കൂടുതൽ നാളുകൾ ഡയറ്റ് ചെയ്യുന്നവർക്ക് അവരുടെ ശരീരം മുഴുവനും കീറ്റോ അഡാപ്റ്റഡ് അഥവാ കീറ്റോസിസ് എന്ന സമ്പൂർണ്ണമായ പ്രക്രിയ നടന്നു കഴിയുമ്പോൾ ഒരു പാർശ്വഫലം എന്നതുപോലെ മുടി കൊഴിച്ചിൽ കണ്ടുവരുന്നു. എന്നാൽ വെറും 10 ശതമാനം ആളുകളിലെ ഇത് ഉണ്ടാകാറുള്ളൂ. അമിതവണ്ണം, കുടവയർ എന്നിങ്ങനെയുള്ള ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുവാൻ വേണ്ടിയായിരിക്കും ഭൂരിഭാഗം ആളുകളും കീറ്റോ ഡയറ്റ് പിന്തുടരുന്നത്. അങ്ങനെയുള്ളവർ മൂന്ന് മുതൽ ആറ് മാസം കൊണ്ട് തന്നെ അവർ ആഗ്രഹിച്ച വെയ്റ്റ് ലോസ് നേടിയിരിക്കും. അവർ ഡയറ്റ് നിർത്തി സമീകൃതാഹാര രീതിയിലേക്ക് തിരിച്ചു വരുമ്പോൾ മുടികൊഴിച്ചിൽ പൂർണ്ണമായും നിൽക്കുന്നതാണ്. ചില ആളുകൾക്ക് ലോ കാർബ് ഡയറ്റുകൾ മുടികൊഴിച്ചിലിനു കാരണമാകുന്നു എന്നത് നിഷേധിക്കാനാവാത്ത കാര്യം തന്നെയാണ്. അങ്ങനെയുള്ളവർക്ക് ലോ കാർബ് ഡയറ്റ് നിർത്തിയതിനുശേഷം കാർബോഹൈഡ്രേറ്റ് ഭക്ഷണ രീതിയിലേക്ക് തിരികെ വരാവുന്നതാണ്. മൂന്നു മുതൽ ആറു മാസം വരെ ഡയറ്റ് ചെയ്തതിനുശേഷം സാധാരണ ഭക്ഷണ രീതിയിലേക്ക് തിരിച്ചു വരുക എന്നതാണ് ഇതിനുള്ള പരിഹാരം. അത് അല്ലാത്തപക്ഷം കീറ്റോ ഡയറ്റ് തന്നെ മുന്നോട്ടു കൊണ്ടുപോകണം എന്നുള്ളവർക്ക് അഥവാ അവർ ആഗ്രഹിച്ച ശരീരഭാരത്തിലേക്ക് ഈ ഒരു കാലയളവിൽ എത്തുവാൻ സാധിച്ചില്ലെങ്കിൽ മുടികൊഴിച്ചിലിനുള്ള പരിഹാരമാർഗ്ഗങ്ങൾ കാണേണ്ടതുണ്ട്.
10 മണിക്കൂർ ഉറങ്ങുക. ഇപ്രകാരം 10 മണിക്കൂർ ഉറങ്ങുന്നതുവഴി നമ്മുടെ ശരീരത്തിൻറെ സ്ട്രെസ്സ് വളരെയധികം കുറയുന്നതാണ്. സ്ട്രെസ്സ് കുറയുന്നതോടുകൂടി ഹെയർ ഫോളിക്കിൾസിന് വളരാനുള്ള ഒരു സാഹചര്യം ഉണ്ടാകുന്നു. അടുത്തതായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് കലോറി ഉണ്ടായിരിക്കണം. സാധാരണ പുരുഷന്മാർക്ക് 1800 ഉം സ്ത്രീകൾക്ക് 1500 ഉം കിലോ കലോറി ഒരു ദിവസം ആവശ്യമായി വരുന്നു. മൂന്നുദിവസം തുടർച്ചയായി കഠിനമായ ഉപവാസം എടുക്കുന്ന ആളുകൾ അത് നിർത്തുകയും സാധാരണ രീതിയിലുള്ള ഇടവിട്ടുള്ള ഉപവാസത്തിലേക്ക് (Intermittent fasting) തിരിച്ചു വരികയും ചെയ്യേണ്ടതാണ്. ഇങ്ങനെ ഫാസ്റ്റിംഗിലേക്ക് തിരികെ വരുന്നവർ രണ്ട് നേരമെങ്കിലും ആവശ്യത്തിന് കലോറി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. തുടർച്ചയായി ഒരേ ഭക്ഷണം കഴിക്കാതെ ഡയറ്റിൽ അനുവദനീയമായ ഭക്ഷണങ്ങൾ കൂട്ടിക്കലർത്തി കഴിക്കാനായി ശ്രദ്ധിക്കുക. അതുപോലെ പ്രോട്ടീന്റെ അളവ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ വളരെയധികം കുറഞ്ഞാൽ അതും മുടികൊഴിച്ചിലിന് കാരണമാകുന്നു. മതിയായ മാംസ്യം ഓരോ ദിവസവും നമ്മുടെ ശരീരത്തിന് നമ്മൾ ലഭ്യമാക്കിയിരിക്കണം. ഉദാഹരണത്തിന് 80 കിലോ ശരീര ഭാരം ഉള്ള ഒരാൾ 80 ഗ്രാം പ്രോട്ടീൻ ഒരു ദിവസം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഭക്ഷണത്തിന് അര മണിക്കൂർ മുൻപെങ്കിലും വെള്ളം കുടിക്കാനായി ശ്രദ്ധിക്കണം. പ്രോട്ടീന്റെ ദഹനം ആരംഭിക്കുന്നത് നമ്മുടെ വയറിനുള്ളിൽ വച്ചാണ് . നമ്മുടെ വയറിനകത്തുള്ള ആസിഡിന്റെ അളവ് കുറഞ്ഞു പോയാൽ ശരിയായ ദഹനം നടക്കാതെ വരും. HCL അഥവാ ഹൈഡ്രോ ക്ലോറിക് ആസിഡ് ആണ് ദഹനത്തിന് സഹായിക്കുന്നത്. തുടർച്ചയായി വാട്ടർ ഫാസ്റ്റിംഗ് എടുക്കുന്ന ആളുകൾ ധാരാളമായി വെള്ളം കുടിക്കുന്നത് കൊണ്ട് ഈ ആസിഡ് നേർമയാവുകയും അതിൻറെ വീര്യം കുറയാനും (Dilute) സാധ്യതയുണ്ട്. അപ്പോൾ പ്രോട്ടീൻ ശരിയായി ദഹിക്കാതെ വരുകയും അതുമൂലം ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭ്യമാവാതിരിക്കുകയും ചെയ്യുന്നു. പ്രോട്ടീന്റെ ദഹനത്തിനെ ഒരു പരിധിവരെ സഹായിക്കാൻ ആപ്പിൾ സൈഡർ വിനാഗിരി സഹായിക്കുന്നു. അങ്ങനെയുള്ളവർക്ക് രാത്രിയിലെ ഭക്ഷണത്തിനുശേഷം കിടക്കുന്നതിനു മുൻപായി ആപ്പിൾ സൈഡർ വിനാഗിരി കുടിക്കാവുന്നതാണ്. മൂന്നു മുതൽ ആറു മാസത്തിനുശേഷം കഠിനമായ മുടികൊഴിച്ചിൽ ഉള്ള ആളുകൾ ഡയറ്റിനോടൊപ്പം താഴെപ്പറയുന്ന ഡയറ്ററി സപ്ലിമെൻസ് കഴിക്കേണ്ടതാണ്.
- ZINC
- BIOTIN
- VITAMIN B6
- COPPER
- SILICA
- TRACE MINERAL
- COLLAGEN
ദിവസവും ഇലക്കറികൾ മൂന്നോ നാലോ കപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. കീറ്റോ ഡയറ്റ് എടുക്കുന്നത് മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ കുറയാൻ ഒരുപക്ഷേ രണ്ടു മുതൽ മൂന്നു മാസം വരെ എടുത്തേക്കാം. ആ ഒരു കാലഘട്ടത്തിൽ നിങ്ങൾ മുകളിൽ പറഞ്ഞ സപ്ലിമെന്റ്സ് എടുക്കുകയാണെങ്കിൽ ഒരുപരിധിവരെ മുടികൊഴിച്ചിലിനെ കുറയ്ക്കാനാകും. മുടി കൊഴിച്ചിലിനെ പ്രതി ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൂടുതൽ കാലത്തേക്ക് ഡയറ്റ് തുടരുന്നവരാണ് ഇത്തരത്തിൽ മുൻകരുതലുകൾ എടുക്കേണ്ടത്.