Painless Root Canal Treatment (RCT) in Malayalam
റൂട്ട് കനാൽ ട്രീറ്റ്മെൻറ് നമുക്കിടയിൽ പലരും ചെയ്തിട്ടുള്ള ചികിത്സ ആണ്. സാധാരണക്കാർക്കിടയിൽ ഒരുപാട് തെറ്റിദ്ധാരണകൾ സൃഷ്ടിച്ചിട്ടുള്ള ഒരു പദമാണ് RCT. വേര് മുറിച്ച് മാറ്റുന്ന ചികിത്സ, വേര് അറുത്ത് കളയുക എന്നൊക്കെ സാധാരണക്കാർ പറഞ്ഞുകേൾക്കാറുണ്ട്.
എന്താണ് റൂട്ട് കനാൽ ട്രീറ്റ്മെൻറ് (RCT)?
പഴുപ്പ് അഥവാ ഇൻഫെക്ഷൻ ബാധിച്ച ഒരു പല്ലിൻറെ പഴുപ്പ് മുഴുവനായും നീക്കം ചെയ്ത് അതിനെ പരമാവധി അണുബാധയില്ലാതെ ആക്കിയതിനുശേഷം, വേര് മുതൽ അടച്ച് കൊണ്ടുവന്ന് പല്ലിനെ അതിൻറെ യഥാസ്ഥാനത്ത് നിലനിർത്താൻ സഹായിക്കുന്ന ഒരു ചികിത്സാരീതി ആണ് RCT.
എങ്ങനെയാണ് RCT ചെയ്യുന്നത്?
ഒരു പല്ലിന് പ്രധാനമായും മൂന്ന് പാളികൾ (Layers) ആണ് ഉള്ളത്. ഏറ്റവും പുറമേയുള്ളതും കട്ടിയുള്ളതും വെളുത്ത നിറത്തിൽ ഉള്ളതുമായ “ഇനാമൽ”. രണ്ടാമതായി അതിലും താഴെ “ഡെന്റിൻ” (Dentin). അതിന്റേയും ഉള്ളിലായി ജീവനുള്ള “പൾപ്പ്”(Pulp). ഇവിടെയാണ് രക്തക്കുഴലുകളും നാഡീഞരമ്പുകളും സ്ഥിതിചെയ്യുന്നത്. ഒരു പല്ലിനെ പഴുപ്പ് (കേട്) ഇനാമലിനെയോ അല്ലെങ്കിൽ ഡെന്റിനെയോ മാത്രം ബാധിക്കുന്നതാണെങ്കിൽ സാധാരണ ഫില്ലിങ്ങിൽ അത് അടച്ച് ശരിയാക്കി എടുക്കാൻ സാധിക്കുന്നു. എന്നാൽ ഇനാമലിനെയും ഡെന്റിനെയും കടന്ന് അണുബാധ പൾപ്പിനെ ബാധിച്ചാൽ RCT അനിവാര്യമായി വരുന്നു. കേട് ബാധിച്ച ഇനാമലും ഡെന്റിനും നീക്കം ചെയ്തത് അതേ ദ്വാരത്തിൽ കൂടി തന്നെ പഴുപ്പിനേയും ഞരമ്പുകളെയും നീക്കം ചെയ്തതിനുശേഷം കനാൽ മുഴുവനായും വൃത്തിയാക്കിയെടുക്കുന്നു.. അതിനുശേഷം ശരീരത്തിന് ഹാനികരമല്ലാത്ത നോൺ റിസോർബബിൾ മെറ്റീരിയൽ ഉപയോഗിച്ച് വേരിൻറെ അറ്റം മുതൽ അടച്ച് സീൽ ചെയ്യുന്നതാണ് ഈ പ്രക്രിയ.
എപ്പോഴാണ് RCT ചെയ്യുന്നത്?
കേട് അഥവാ പഴുപ്പ് പല്ലിന്റെ ഉൾഭാഗമായ പൾപ്പിലേക്ക് എത്തുമ്പോൾ നിരവധി ലക്ഷണങ്ങൾ കാണാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനമായത് അസഹ്യമായ വേദനയാണ്. രാത്രിയിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള വേദന. കൂടാതെ ചൂടുള്ളതും തണുത്തതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന , പല്ലിനുണ്ടാകുന്ന മോണവീക്കം, അഥവാ മുഖത്തിന്റെ ഒരു ഭാഗത്ത് ഉണ്ടാകുന്ന നീര് .ഇത്തരം സാഹചര്യങ്ങളിൽ RCT ചെയ്യേണ്ടിവരുന്നു.
ട്രോമാറ്റിക് ഇഞ്ചുറീസ് (TRAUMATIC INJURIES)
റോഡ് ട്രാഫിക് ആക്സിഡൻറ് അല്ലെങ്കിൽ വീഴ്ചയിൽ പല്ല് പൊട്ടുന്നത് ,ഈ സാഹചര്യത്തിൽ പൾപ്പ് ഓറൽ കാവിറ്റിയിൽ എക്സ്പോസ് ആവുന്നു. അപ്പോൾ RCT ചെയ്യുന്നു.
മോണയ്ക്ക് ഉണ്ടാകുന്ന പഴുപ്പ്, മോണ വീക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിൽ അണുബാധ മോണയിൽ നിന്നും പല്ലിലേക്ക് അതായത് റിവേഴ്‌സ് പ്രോസസ് വഴി ബാധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലും RCT ചെയ്യാറുണ്ട്.
പല്ലിനുണ്ടാകുന്ന നിറംമാറ്റം, ചിലപ്പോൾ കുറെ കാലങ്ങൾക്കു മുൻപ് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടാകാം. (അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടങ്ങൾ) ഈ സാഹചര്യത്തിലും RCT നിർദ്ദേശിക്കാറുണ്ട്.
ഇതൊന്നും കൂടാതെ തന്നെ മറ്റു പല സാഹചര്യങ്ങളിലും RCT നിർദ്ദേശിക്കേണ്ടി വരാറുണ്ട്.
എല്ലാ പല്ലുകളും RCT ചെയ്യാൻ സാധിക്കുമോ?
ഒരു രോഗിയുടെ പല്ലിൻറെ അവസ്ഥ അനുസരിച്ച് മാത്രമേ ഇത് പറയാൻ സാധിക്കുകയുള്ളൂ. പല്ല് RCT ചെയ്താൽ നിലനിൽക്കുമോ എന്ന് വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമേ ഒരു ദന്തിസ്റ്റ്, RCT ചെയ്യണോ എന്ന് പറയുകയുള്ളൂ. അതുകൊണ്ട് തന്നെ എല്ലാ പല്ലുകളും RCT ചെയ്യാൻ സാധിക്കില്ല.
RCT എത്ര സമയം എടുക്കും?
RCT, സിംഗിൾ സിറ്റിംഗ് അല്ലെങ്കിൽ രണ്ടോ മൂന്നോ സിറ്റിങ്ങിൽ ചെയ്തുതീർക്കാൻ സാധിക്കുന്നതാണ്. എത്ര സിറ്റിംഗ് വേണ്ടിവരും എന്നത് ഓരോരുത്തരുടെയും പല്ലിൻറെ അവസ്ഥ അനുസരിച്ച് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. പഴുപ്പിൻറെ തീവ്രതയ്ക്ക് അനുസരിച്ചാണ് എത്ര വിസിറ്റ് വേണമെന്ന് തീരുമാനിക്കുന്നത്. അധികം പഴുപ്പ് ഇല്ലാത്ത പല്ല് ആണെങ്കിൽ ഒറ്റ സിറ്റിങ്ങിൽ ചെയ്തുതീർക്കാൻ സാധിച്ചു എന്നു വരും. പഴുപ്പ് കൂടുതലുള്ള പല്ലിന് രണ്ടോ മൂന്നോ സിറ്റിംഗ് ആവശ്യമായിവരും.
RCT കഴിഞ്ഞാൽ ക്യാപ് (Cap) ഇടണോ?
പഴുപ്പ് (കേട്) വന്നത് കൊണ്ടോ പൊട്ടിപ്പോയത് കൊണ്ടോ ബലക്കുറവുള്ള അവസ്ഥയിലാണ് RCT ചെയ്യുന്നത്. കൂടാതെ RCT ചെയ്യുമ്പോൾ പഴുപ്പിനോടൊപ്പം തന്നെ നാഡീഞരമ്പുകളും രക്തക്കുഴലുകളും എടുത്തുമാറ്റുന്നു. ഇങ്ങനെ നിർജ്ജീവാവസ്ഥയിൽ ഉള്ള പല്ലിന് സാധാരണ പല്ലിനേക്കാൾ ബലക്കുറവ് ഉണ്ടാകും. ഇങ്ങനെ ബലക്കുറവുള്ളതുകൊണ്ട് പല്ലുകൾ പൊട്ടി പോകാതിരിക്കാനും അവയ്ക്ക് കൂടുതൽ ബലം നൽകാനും സാധാരണ പല്ലുകളെ പോലെ അവയെ ഉപയോഗിക്കാനും വേണ്ടിയാണ് RCT കഴിഞ്ഞാൽ ക്യാപ് അഥവാ ടോപ് ഇടണം എന്ന് പറയുന്നത്.
മോണയ്ക്ക് ബലമുള്ള പല്ലുകൾക്കേ RCT ഒരു പരിഹാരം ആകുന്നുള്ളൂ. പല്ലുണ്ടെങ്കിലേ അതിന് ചുറ്റുമുള്ള മോണയ്ക്കും താഴെയുള്ള എല്ലുകൾക്കും നിലനിൽപ്പുള്ളൂ. പല്ലുകൾ എടുത്തു പോകുന്നവർക്ക് എല്ലിന് തേയ്മാനം കാണാം. ഭാവിയിൽ കൃത്രിമ പല്ലുകൾ വയ്ക്കാൻ ഇത്തരക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. RCT ചിലവേറിയ ചികിത്സ ആണോ എന്ന് ചോദിച്ചാൽ സാധാരണ പല്ല് അടയ്ക്കുന്നതിനേക്കാൾ ചിലവേറിയതാണ്. എന്നാൽ ഭാവിയിൽ കൃത്രിമ പല്ല് വെക്കണമെങ്കിൽ RCT യേക്കാൾ ഇരട്ടിയിലധികം ചിലവ് അതിനുണ്ട്. അങ്ങനെ നോക്കുമ്പോൾ RCT ചിലവേറിയ ഒരു ചികിത്സാരീതി അല്ല. പല്ലിന് കേട് വരുന്നത് സാധാരണയാണ്. പല്ലിനെ ഉപയോഗപ്രദമായ രീതിയിൽ നിലനിർത്തി മുഖഘടനയെ സംരക്ഷിക്കുക.